17-June-2023 -
By. news desk
കൊച്ചി: പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഭക്ഷ്യസപ്ലിമെന്റുകളായ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ വിപണി ഇന്ത്യയില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചതെന്ന് ശില്പശാല. കഴിഞ്ഞ 30 വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച. 2025 അവസാനത്തോടു കൂടി ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി നാല് ബില്യണ്‍ ഡോളറില്‍ നിന്നും 18 ബില്യണ്‍ ഡോളറായി വികസിക്കുമെന്നാണ് കരുതുന്നത്. ആരോഗ്യരംഗത്തെ വര്‍ധിച്ചുവരുന്ന അവബോധവും രോഗപ്രതിരോധരീതികള്‍ക്കുണ്ടായ പ്രാധാന്യവുമാണ് ഇതിന് കാരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ശില്പശാല ചൂണ്ടിക്കാട്ടി.നൂതനമായ ഔഷധോല്‍പാദനത്തിന് കടല്‍ജീവജാലങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രകൃതിദത്ത ചേരുവകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
മരുന്നുല്‍പാദനരംഗത്ത്് ഏറെ സാധ്യതകളുള്ള പ്രകൃതിദത്ത ബയോപോളിമറുകളുടെ ഉപയോഗം ഈ മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണ രംഗത്തും മരുന്നുനിര്‍മാണത്തിനും ആവശ്യമായ ചേരുവകള്‍കൊണ്ട് സമ്പന്നമാണ് കടല്‍പായല്‍ പോലുള്ള സമുദ്രവിഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം, അമിതവണ്ണം, സന്ധിവേദന, ഹൈപ്പര്ടെന്ഷന്, തൈറോയിഡ് തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനായ സിഎംഎഫ്ആര്‍ഐ കടല്‍പായലില്‍ നിന്നും വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്ക്ക് പൊതുജനങ്ങളില്‍ നിന്നും മികച്ച സ്വീകാര്യതയാണുള്ളതെന്നും ഡോ ഗോപാലകൃഷ്ണന് പറഞ്ഞു.മറൈന്‍ ബയോടെക്നോളജി, ഫിഷ്ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിവിഷന് മേധാവി ഡോ കൃപേഷ ശര്‍മ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രവര്‍ത്തി പ്രസംഗിച്ചു.വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുത്തു.
#cmfri #cmfrisilpasala